തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കേരളം രൂപംകൊണ്ടശേഷം നടന്ന ആദ്യ കലോത്സവത്തിൽ 200 പേർ മാത്രമായിരുന്നു പങ്കെടുത്തത്. അന്ന് യുവജനോത്സവം എന്നായിരുന്നു പരിപാടിയുടെ പേര്. 2009 മുതലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കുട്ടികൾ മാറ്റുരയ്ക്കുന്ന സംസ്ഥാനതലത്തിലുള്ള ഈ കലാമത്സരത്തിന് ‘കേരള സ്കൂൾ കലോത്സവം’ എന്ന് പേരിട്ടത്. ഇന്ന് പതിനാലായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളെ തുറന്നുകാട്ടുന്നത് കൂടിയാകണം കലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കാലത്ത് കലകളിൽ പലതും ഏതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ ഉള്ളിൽ ഒതുങ്ങി നിന്നിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജനങ്ങളെ അകറ്റി നിർത്തിയപ്പോഴാണ് കലകളും ജാതിയുടെയോ മതത്തിന്റെയോ ഭാഗമായി തുടരുന്ന നില വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമണ്ഡലം ഹൈദരാലിയ്ക്കുണ്ടായ അനുഭവം മുഖ്യമന്ത്രി ഓർത്തെടുത്തു. ഏറ്റവും അധികം മാപ്പിളപ്പാട്ടുകൾ രചിച്ചത് ഭാസ്കരൻ മാസ്റ്ററാണെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
സിനിമകളിൽ ജാനകിയെന്നും സീതയെന്നും കഥാപാത്രങ്ങൾക്ക് പേരിടാൻ കഴിയാത്ത സ്ഥിതി വരുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചു. മനസ്സുകളെ ഒന്നിപ്പിക്കുന്നതാകട്ടെ കലയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാറ്റുരയ്ക്കലിൽ രക്ഷിതാക്കൾ ഇടപെടാതിരിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയവർ മാത്രമല്ല മറ്റുള്ളവരും പിന്നീട് കലാരംഗത്ത് വളർന്നുവന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
















