ദോഹ: ഖത്തറിൽ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധം. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസുള്ള സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് ഇനിമുതൽ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. അനധികൃതമായി ട്യൂഷൻ എടുക്കുന്നവരെ തടയാനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി.
അധ്യാപകർക്ക് ഔദ്യോഗിക ലൈസൻസുണ്ട് എന്നതിന്റെ തെളിവാണ് ഈ തിരിച്ചറിയൽ കാർഡ്. അധ്യാപകരുടെ യോഗ്യതയും നിയമപരമായ അനുമതിയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം. രാജ്യത്തെ സ്വകാര്യ ട്യൂഷൻ മേഖലയിൽ കൂടുതൽ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഈ നിർണ്ണായക തീരുമാനം.
നിലവിൽ ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 272 അധ്യാപകരെ അഭിമുഖം ചെയ്തതിൽ 182 പേർക്ക് മാത്രമാണ് മന്ത്രാലയം ട്യൂഷൻ ലൈസൻസ് അനുവദിച്ചത്. നിലവിലുള്ള ട്യൂഷൻ സെന്ററുകൾക്ക് ബാക്കിയുള്ള അധ്യാപകരുടെ രേഖകൾ ശരിയാക്കാൻ 30 ദിവസത്തെ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർ ട്യൂഷൻ എടുക്കുന്നത് നിയമലംഘനമായി കണക്കാക്കും. ലൈസൻസും കൃത്യമായ ഐഡി കാർഡും ഉള്ള അധ്യാപകരുടെ സേവനം മാത്രമേ രക്ഷിതാക്കൾ തേടാവൂ എന്ന് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട്.
പുതിയ ഐഡി കാർഡിൽ അധ്യാപകന്റെ പേര്, പഠിപ്പിക്കാൻ അനുമതിയുള്ള വിഷയങ്ങൾ, ഖത്തർ ഐഡി നമ്പർ, ലൈസൻസിന്റെ കാലാവധി തുടങ്ങിയ പ്രധാന വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ട്യൂഷൻ സെന്ററുകളിലോ വിദ്യാർത്ഥികളുടെ വീടുകളിലോ ക്ലാസുകൾ എടുക്കുമ്പോൾ ഈ കാർഡ് കൈവശം വെക്കണമെന്നും ആവശ്യപ്പെട്ടാൽ രക്ഷിതാക്കൾക്കോ പരിശോധനാ ഉദ്യോഗസ്ഥർക്കോ കാണിച്ചു കൊടുക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
















