Homepage Featured Kerala News

64-ാം കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം: ജാതിമത ഭേദമന്യേ കലയുടെ പൂരം; 15,000 പ്രതിഭകൾ മാറ്റുരയ്ക്കും

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിലായി 15,000 പ്രതിഭകൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോത്സവം ഉത്സവന​ഗരിയെ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല. 25 വേദികളാണ് കലോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലയുടെ പൂരത്തിന് തിരി തെളിയിക്കും.

‘സൂര്യകാന്തി’ എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ മുഖ്യമന്ത്രി തിരി തെളിയിക്കുന്നതോടെ 64-ാം കേരള സ്കൂൾ കലോത്സവത്തിനാണ് ഇന്ന് തുടക്കമാകുക. പൂക്കളുടെ പേരുകളാണ് വിവിധ വേദികള്‍ക്ക് നൽകിയിരിക്കുന്നത്. ജാതി മതഭേദമന്യേ കേരളത്തിലെ കുട്ടികളും രക്ഷിതാക്കളും കലാപ്രേമികളും ഒരുമിക്കുന്ന ‘ഉത്സവം’ എന്ന പ്രത്യേകതയാണ് കലോത്സവത്തെ വേറിട്ടുനിർത്തുന്നത്.

പങ്കാളിത്തം കൊണ്ട് ഈ കലോത്സവത്തെ സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അടയാളപ്പെടുത്തുകയാണ് മത്സരത്തിനെത്തുന്ന പ്രതിഭകളെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. സമ്മാനങ്ങൾ നേടുന്നതിൽ മാത്രമല്ല കാര്യം, വേദികളിൽ ഒരുമയോടെ സ്നേഹത്തോടെ പങ്കെടുക്കുന്നത് കൂടിയാണെന്നും ആർ ബിന്ദു പറഞ്ഞു. കലോത്സവ സംഘാടക സമിതി രക്ഷാധികാരി കൂടിയാണ് ആർ ബിന്ദു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രമേയ ഗാനം ഇത്തവണ ഒരുക്കിയിരിക്കുന്നത് പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. സ്കൂളിൽ വെച്ച് തന്നെയാണ് വിദ്യാർത്ഥികൾ ഈ ഗാനം ചിട്ടപ്പെടുത്തിയത്. സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ്ങ് രചിച്ച വിദ്യാർത്ഥി പ്രഫുൽ ദാസ് ആണ് കലോത്സവത്തിന്റെ ​ഗാനവും രചിച്ചിരിക്കുന്നത്.

കേരളീയ തനിമയും പാരമ്പര്യവും ഒത്തിണങ്ങിയ, കാണികളുടെ മനം കവരുന്ന ഒരു ദൃശ്യവിരുന്നായിരിക്കും ഇത്തവണത്തെ സ്വാഗതഗാനം എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഓരോ ചുവടിലും താളത്തിലും അവർ കാത്തുസൂക്ഷിക്കുന്ന ആത്മാർത്ഥത അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറയുന്നു. ഒരുക്കങ്ങൾ പരിശോധിക്കാനായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ‘സൂര്യകാന്തി’യിൽ മന്ത്രി ശിവൻകുട്ടി ഇന്നലെ തന്നെ നേരിട്ട് എത്തിയിരുന്നു. മന്ത്രി കെ രാജനും ഒപ്പമുണ്ടായിരുന്നു. കലയുടെ ഈ വസന്തോത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള രാപ്പകലുകളിൽ തൃശൂർ കലയുടെ താളത്തിനൊത്ത് ചുവടുവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts