തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം.
കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎൽഎ പ്രമോദ് നാരായണും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലുമാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഫോട്ടോയിൽ ജോസ് കെ മാണി ഇല്ല എന്നതും ചർച്ചയായിട്ടുണ്ട്.
റാന്നി എംഎൽഎ പ്രമോദ് നാരായണും മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ തുടരും 2026 എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും. അതേസമയം കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി കിട്ടിയിട്ടുണ്ടെന്നും സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായുമാണ് റിപ്പോർട്ട്.
















