Homepage Featured Kerala News

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് രാജീവരെ ആശുപത്രിയിൽ എത്തിച്ചത്.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 2.50 ന് ചെങ്ങന്നൂരിലെ താഴ്മൺമഠത്തിൽ എസ്ഐടി സംഘം ആരംഭിച്ച പരിശോധന രാത്രി 10.50 നാണ് പൂർത്തിയായത്. തന്ത്രി കണ്ഠരര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വസ്തു ഇടപാടുകളുടെ വിവരങ്ങൾ, വീട്ടിലെ സ്വർണ ഉരുപ്പടികളുടെ വിവരങ്ങൾ തുടങ്ങിയവ എസ്ഐടി വിശദമായി പരിശോധിച്ചു. അന്വേഷണസംഘത്തിനൊപ്പം സ്വർണപ്പണിക്കാരും ഉണ്ടായിരുന്നു. ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിലായിരുന്നു എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.

വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമായിരുന്നു തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം എന്ന പേരിൽ ദേവസ്വം ബോർഡിന്റെ ശമ്പളം കൈപ്പറ്റുന്നയാളാണ് തന്ത്രി. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. താന്ത്രികവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിലെ ഏറ്റവും ഉയർന്ന തസ്തികയാണ് തന്ത്രിയുടേത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും തന്ത്രിക്കുണ്ട്.

സ്വർണപ്പാളികൾ ക്ഷേത്രത്തിനുപുറത്തേക്ക് കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട് ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാക്കുന്നുണ്ട്. അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ട് എന്നാണ് മാനുവലിൽ പറയുന്നത്.

തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി ഉണ്ടായിരുന്നത് കണ്ഠരര് രാജീവര് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സന്നിധാനത്തെ സ്വാധീനത്തിനുപിന്നിൽ തന്ത്രി ഉണ്ടെന്ന മൊഴിയും എസ്ഐടിക്ക് മുന്നിലുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റ് നടന്നു. ഇതിൽ തന്ത്രിയും മുൻ ദേവസ്വം പ്രസിഡന്റുമാരും ഉദ്യോ​ഗസ്ഥരും ഉൾപ്പെടെ ആർക്കും ജാമ്യം ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം തന്ത്രിയെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന നേതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.

Related Posts