പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്.
പടിത്തരം എന്ന പേരിൽ ദേവസ്വം ബോർഡിന്റെ ശമ്പളം കൈപ്പറ്റുന്നയാളാണ് തന്ത്രി. താന്ത്രികവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിലെ ഏറ്റവും ഉയർന്ന തസ്തികയാണ് തന്ത്രിയുടേത്. ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും തന്ത്രിക്കുണ്ട്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്.
സ്വർണപ്പാളി ക്ഷേത്രത്തിനുപുറത്തേക്ക് കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട് ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാക്കുന്നുണ്ട്. അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ട് എന്നാണ് മാനുവലിൽ പറയുന്നത്.
തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി ഉണ്ടായിരുന്നത് കണ്ഠരര് രാജീവര് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സന്നിധാനത്തെ സ്വാധീനത്തിനുപിന്നിൽ തന്ത്രി ഉണ്ടെന്ന മൊഴിയും എസ്ഐടിക്ക് മുമ്പിലുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റ് നടന്നു. ഇതിൽ തന്ത്രിയും മുൻ ദേവസ്വം പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല. എന്നാൽ തന്ത്രിയെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
















