റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രിയായ ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രി ആയിരുന്നു അൽഖഹ്താനി. അദ്ദേഹത്തിനായുള്ള മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ നടന്നു.
സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് മയ്യത്ത് നമസ്കാരത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തി. കിങ് ഫഹദ് സെക്യൂരിറ്റി കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം സുരക്ഷാ മേഖലയിൽ പ്രവർത്തിച്ച അൽഖഹ്താനി കഴിഞ്ഞ 60 വർഷക്കാലം രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചു. തന്റെ ജോലി കൃത്യമായി ചെയ്യുന്നവർക്കുള്ള മാതൃകയാണ് അദ്ദേഹമെന്ന് ആഭ്യന്തരമന്ത്രി അനുസ്മരിച്ചു.
പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വകുപ്പുകളിൽ അൽഖഹ്താനി പ്രവർത്തിച്ചിട്ടുണ്ട്. ഹജ്ജ് സുരക്ഷാരംഗത്തും അദ്ദേഹത്തിന്‍റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂനിറ്റുകളെ നയിച്ച സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി മക്ക റീജിയനൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.
















