കോപ്പൻഹേഗൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുഎസിനെ നേരിടുമെന്ന് ഡെന്മാർക്ക്. ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത മറുപടി കൊടുത്തിരിക്കുകയാണ് ഡെന്മാർക്ക്. ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് യുഎസിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ നിലപാട്. ഗ്രീൻലൻഡിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ യുഎസ് സൈന്യത്തിന് നേരെ ആദ്യം വെടിവെക്കുകയാണുണ്ടാവുക, പിന്നീടാവും ചോദ്യങ്ങൾ എന്നാണ് ഡാനിഷ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അധിനിവേശമുണ്ടായാൽ മുകളിൽ നിന്നുള്ള ഉത്തരവിനായി കാത്തുനിൽക്കാതെ ശത്രുക്കളെ ആക്രമിക്കണമെന്ന് നിർദ്ദേശിക്കുന്ന സൈന്യത്തിന്റെ 1952-ലെ നിയമം ഇപ്പോഴും നിലവിലുണ്ടെന്ന് ഡാനിഷ് സർക്കാർ വ്യക്തമാക്കി. ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം കുറയ്ക്കാൻ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് യുഎസ് നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വാദിക്കുന്നു.
അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഡാനിഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. എന്നാൽ ഗ്രീൻലൻഡിന്റെ പരമാധികാരം മാനിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആർട്ടിക് മേഖലയിലെ ഈ തർക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രീൻലൻഡിന് മേൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ അത് നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്കും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിൽക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ അവസാനത്തിനും കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി.
















