നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറയും പോലെ യുഡിഎഫില്‍ പറയാന്‍ കഴിയാത്തത് കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ സൂചനയാണെന്ന് ജനം വിലയിരുത്തിയേക്കുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ പൂര്‍ത്തിയായ ‘ലക്ഷ്യ’ തിരഞ്ഞെടുപ്പ് ഒരുക്ക പരിപാടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ ഉയര്‍ത്തിക്കാണിക്കുമെന്ന ചര്‍ച്ചകള്‍ നടന്നു. മൂന്ന് പേരുകളാണ് പ്രധാനമായും കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നത്. എഐസിസി അധ്യക്ഷന്‍ കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി കസേര മോഹിക്കുന്നവര്‍.
നിലവിലെ അവസ്ഥ വെച്ച് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷവും ഒരു മുഖ്യമന്ത്രിയായിരിക്കില്ലെന്ന് ഉറപ്പായി. രണ്ട് ടേമുകളിലായി മുഖ്യമന്ത്രി സ്ഥാനം വീതംവയ്ക്കാനാണ് ആലോചന. അങ്ങനെ വന്നാല്‍ കെ.സി.വേണുഗോപാലിനും വി.ഡി.സതീശനുമാണ് കൂടുതല്‍ സാധ്യത. രമേശ് ചെന്നിത്തലയ്ക്കു മറ്റേതെങ്കിലും സുപ്രധാന വകുപ്പ് നല്‍കും.
ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ.സി.വേണുഗോപാലിനെ ആയിരിക്കും കേന്ദ്ര നേതൃത്വം ഉയര്‍ത്തിക്കാണിക്കുക. വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ മാത്രം സതീശനും ചെന്നിത്തലയും ഒന്നിച്ചു നയിക്കുമെന്ന അവസ്ഥയിലേക്ക് എത്തും.
ലോക്‌സഭാ എംപിമാരില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭയിലേക്കു മത്സരിക്കില്ലെന്നു ഉറപ്പായി. മറ്റുള്ള എംപിമാര്‍ക്കെല്ലാം നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്.
ലോക്‌സഭാ എംപിമാരില്‍ കെ.സി.വേണുഗോപാലിനു മാത്രമാണ് മത്സരിക്കാന്‍ എഐസിസിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. മറ്റു എംപിമാരോടു സംയമനം പാലിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് അപമാനിച്ചു ഇറക്കിവിട്ടതിനാല്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നാണ് കെ.സുധാകരന്റെ തീരുമാനം.
മുഖ്യമന്ത്രി കസേരയെ ചൊല്ലി ഇപ്പോഴേ തര്‍ക്കം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയതന്ത്ര വിദഗ്ധന്‍ സുനില്‍ കനുഗോലു നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ഇത്തരം ചര്‍ച്ചകള്‍ മതിയെന്ന് കനുഗോലു ‘ലക്ഷ്യ’ ക്യാംപില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















