Homepage Featured Kerala Local News

‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’; ലതേഷിനെ കൊന്ന് പ്രതികൾ കൺമുന്നിലൂടെ പോയെന്ന് സഹോദരി

തലശ്ശേരി: ലതേഷിനെ കൊന്ന പ്രതികൾ കൺമുന്നിലൂടെയാണ് പോയതെന്നും ‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’ എന്ന് കൊലയാളികൾ പറഞ്ഞെന്നും സഹോദരി സോണി പറഞ്ഞു. സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ ബിജെപി പ്രവർത്തകർ വെട്ടിക്കൊന്ന ദിവസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോണി. സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്ന ലതേഷിനെ കൊലപ്പെടുത്തിയ കേസിൽ വിധി അറിയാൻ കോടതിയിൽ എത്തിയതായിരുന്നു സോണി.

നാടിന് വേണ്ടി ജീവിച്ച തന്റെ ഏട്ടനെയാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് സോണി പറഞ്ഞു. കൊലയാളികളുടെ കുടുംബക്കാർക്കുൾപ്പെടെ സഹായംചെയ്ത ആളായിരുന്നു സഹോദരൻ എന്നും സോണി പറയുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന ലതേഷ് സാമൂഹ്യപ്രവർത്തനത്തിനായി ജോലി മാറ്റിവെച്ചും സമയം കണ്ടെത്തിയിരുന്നുവെന്ന് സോണി പറയുന്നു. കേസിൽ വിധി വരാൻ 17 വർഷം കാത്തിരിക്കേണ്ടിവന്നു. കൊന്നിട്ട് ഞങ്ങളുടെ കൺമുന്നിലൂടെയാണ് പ്രതികൾ പോയത്. മാസ്‌ക് ധരിച്ച പ്രതികൾ അത് അഴിച്ചുകാണിച്ച് ‘കൊന്നിട്ടിന്, പോയി നോക്ക്’ എന്ന് പറഞ്ഞ് പോയത് സോണി ഓർമിച്ചു.

2020 ജനുവരി എട്ടിനാണ് കേസിൽ വിചാരണ തുടങ്ങിയത്. വിചാരണ തുടങ്ങി ആറ് വർഷം പൂർത്തിയാകുന്ന ദിവസമാണ് ലതേഷ് കൊലക്കേസിൽ വിധി വന്നത്. 2026 ജനുവരി എട്ടിന് പ്രതികൾക്ക് ജീവപര്യന്തം തടവിന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.

തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർമാരായ യു പ്രേമൻ, എംപി വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്. സാക്ഷികൾക്ക് കേസിൽ വലിയ ഭീഷണി നേരിട്ടതായി കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ പികെ വർഗീസ് വെളിപ്പെടുത്തുന്നു. ആക്രമണത്തിൽ പരുക്കേറ്റ സാക്ഷികൾപോലും കൂറുമാറിയെന്നും ഇത് ഭീഷണിയെത്തുടർന്നാണെന്നും വിമർശനമുണ്ട്. ലതേഷ് ഒരു ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നില്ല. ചില സാക്ഷികൾ ഭീഷണി വക വെയ്ക്കാതെ സത്യം പറയാൻ ധൈര്യം കാണിച്ചതോടെയാണ് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Related Posts