തിരുവനന്തപുരം: വർഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധത്തെ എൽഡിഎഫ് വിമർശിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.
വർഗീയതയെ എതിർത്ത് പറയുമ്പോൾ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആർഎസ്എസിനെതിരെ പറയുമ്പോൾ ഹിന്ദുക്കളെയോ, ജമാഅത്തെ ഇസ്ലാമിക്കെതിരെയോ എസ്ഡിപിഐക്കെതിരെയോ പറയുമ്പോൾ മുസ്ലിങ്ങളെയോ അല്ല എതിർക്കുന്നത്. എല്ലാ മതവിഭാഗങ്ങളിലുമുള്ളത് ഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിയുള്ളവരാണ്. മതനിരപേക്ഷത ശക്തിപ്പെടുത്തിയാലേ വർഗീയതയെ നേരിടാനാകൂ. അപരമതവിദ്വേഷം വളർത്തുന്നവരെ തുറന്നുകാണിക്കണം. നാട്ടിൽ മതനിരപേക്ഷതയും സമാധാനവും പുലരുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയസംഘർഷങ്ങളെ നേരിടുന്നതിൽ കൃത്യതയാർന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ല. വർഗീയശക്തികൾ കേരളം വിട്ടുപോയിട്ടില്ലെന്നും അവർക്ക് ഇപ്പോൾ അഴിഞ്ഞാടാൻ കഴിയുന്നില്ല എന്നേ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയശക്തികൾ തലപൊക്കാൻ ശ്രമം നടത്തിയാൽ കർശനമായ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാരിന്റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
















