Homepage Featured India News

ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമതയുടെ റാലി; പ്രതിഷേധം തൃണമൂൽ ഐടി മേധാവിയുടെ വീട്ടിലെ റെയിഡിന് പിന്നാലെ

കൊൽക്കത്ത: ഇഡിയെ ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ നേതൃത്വത്തിൽ റാലി. ജാദവ്പൂരിലെ 8ബി ബസ് സ്റ്റാൻഡിന് സമീപത്താണ് റാലി നടത്തിയത്. കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോ​ഗം ചെയ്യുന്നതായി മമതാ ബാനർജി ആരോപിച്ചു. വലിയ പൊലീസ് സന്നാഹത്തോടെയാണ് റാലി നടന്നത്.

തൃണമൂൽ കോൺ​ഗ്രസിന്റെ രഹസ്യമായ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമമെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ് നടത്തിയിരുന്നു. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ പശ്ചിമബം​ഗാൾ നാടകീയ രം​ഗങ്ങൾക്കും സാക്ഷിയായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം.

രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്റെ തലവൻ കൂടിയാണ് തൃണമൂലിന്റെ ഐടി മേധാവിയായ പ്രദീക് ജയിൻ. ഇദ്ദേഹത്തിന്റെ സാൾട്ട് ലേക്കിലെ ഐ പാക് ഓഫീസിലും കൊൽക്കത്തയിലെ വീട്ടിലുമായിരുന്നു ഇഡി റെയിഡ് നടത്തിയത്. പാർട്ടിയുടെ ആഭ്യന്തര രേഖകളും സ്ഥാനാർത്ഥി പട്ടികയും പിടിച്ചെടുക്കാനാണ് ഇഡി നീക്കമെന്ന് കഴിഞ്ഞ ദിവസം ബം​ഗാൾ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയത് എന്തിനെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി രേഖകൾ സംരക്ഷിക്കാൻ എത്തിയെന്നായിരുന്നു മമതയുടെ മറുപടി. സംഭവത്തിനിടെ കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും റെയിഡ് നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.

2021 ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇഡി റെയിഡ് നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും നടപടിയുടെ യഥാർത്ഥ കാരണം വ്യക്തമല്ല. 2026 മെയ് മാസം തൃണമൂലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇഡി നടപടിയെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി മമതാ ബാനർജി മണ്ഡലം കേന്ദ്രീകരിച്ച് ജനസമ്പർക്ക പരിപാടിയുമായി സജീവമാണ്. അധികാരത്തിലേക്ക് തിരിച്ചെത്താനായി സിപിഎം പദയാത്രകളും മറ്റു പ്രചാരണ പരിപാടികളുമായും തെരഞ്ഞെടുപ്പ് രം​ഗത്തുണ്ട്. അതിനിടെയാണ് അഴിമതി ആരോപണത്തിലൂടെ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയും ബം​ഗാളിൽ നിലയുറപ്പിച്ചിരിക്കുന്നത്.

Related Posts