Homepage Featured India News

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്; ലാലു പ്രസാദിനെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്

ഡൽഹി: അഴിമതിക്കേസിൽ ലാലു പ്രസാദിനെതിരെ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവ്. സർക്കാർ ജോലിക്ക് പകരം ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രാലയത്തിന്റെ തൊഴിലുകൾ വാ​ഗ്ദാനം ചെയ്ത് വിലപേശി ഭൂമി സ്വന്തമാക്കിയെന്ന് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു. മധ്യപ്രദേശിലെ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിലെ ഗ്രൂപ്പ്-ഡി വിഭാഗത്തിലെ തസ്തികകളിൽ നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നാണ് കോടതിയുടെ കണ്ടെത്തൽ.

2004 മുതൽ 2009 വരെ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ കുടുംബാം​ഗങ്ങളുടെ പേരിലും പാർട്ടിയായ ആർജെഡി പ്രവർത്തകരുടെ പേരുകളിലും റിക്രൂട്ട് ചെയ്തവർ ഭൂമി നൽകിയെന്ന ​ഗുരുതര ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ലാലുപ്രസാദ് അടക്കം 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിൽ ലാലു യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരെ സിബിഐ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ പ്രതികളായി സിബിഐ കണ്ടെത്തിയ 103 പേരിൽ അഞ്ചുപേർ മരിച്ചു. സിബിഐ പ്രതി ചേർത്തവരിൽ 52 പേരെ കോടതി വെറുതെവിട്ടു. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 23 ആയി കോടതി നിശ്ചയിച്ചു.

Related Posts