തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് ‘താമര’യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
താമരപ്പൂക്കളുമായി ടൗൺഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം ഇതിൽ യാതൊരുവിധ നിക്ഷിപ്ത താൽപ്പര്യവുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത്. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തവണയും പേര് നൽകാതിരുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം 14 മുതൽ
64 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. 2026 ജനുവരി 14 മുതൽ 18 വരെ ജില്ലയിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും.
















