Homepage Featured Kerala News

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; എംപിമാർ നിയമസഭയിൽ മത്സരിക്കാൻ സംസ്ഥാനത്തേക്ക് തിരികെയെന്ന് സൂചന

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാർ നിയമസഭയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചെന്ന് സൂചന. വടകര എംപി ഷാഫി പറമ്പിൽ, ആലപ്പുഴ എംപി കെസി വേണു​ഗോപാൽ, ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിൽ മത്സരിക്കുന്നത് പാർട്ടിക്ക് ​ഗുണകരമാകുമെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം.

ഇതിനെ എതിർത്ത് കാസർ​ഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നിട്ടുണ്ടെങ്കിലും എംപിമാർ തിരികെ കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് ചർച്ച രൂപപ്പെടുത്താനാണ് ഇതിലൂടെ കോൺ​ഗ്രസിന്റെ ശ്രമമെന്ന് വിമർശനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭ പിടിക്കാൻ കഴിയുമെന്നാണ് എംപിമാരിൽ ചിലർ കണക്കുകൂട്ടുന്നത്. വിജയിച്ചാൽ എംപിമാരിൽ ചിലർ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനമോ പ്രധാനവകുപ്പുകളിൽ മന്ത്രി സ്ഥാനമോ അവകാശപ്പെടാൻ സാധ്യതയുണ്ട്.

കോൺ​ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ എംപിയാണ്. എറണാകുളത്തെ പ്രതിനിധീകരിച്ച് ഹൈബി ഈഡൻ, മാവേലിക്കരയിൽ നിന്ന് പാർലമെന്റിൽ അം​ഗമായി എത്തിയ കൊടിക്കുന്നിൽ സുരേഷ്, തിരുവനന്തപുരത്ത് നിന്നുള്ള ശശി തരൂർ തുടങ്ങിയ പ്രമുഖർ കേരളത്തിൽ നിന്നുള്ള കോൺ​ഗ്രസിന്റെ എംപിമാരായുണ്ട്. ഇവരിൽ ആരൊക്കെ നിലവിലുള്ള എംപി സ്ഥാനം അവ​ഗണിച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാനാകും.

ആർഎസ്‍പിയുടെ നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. മുസ്ലീം ലീ​ഗിന്റെ കരുത്തരും എംപിമാരായുണ്ടെങ്കിലും അവർ നിയമസഭയിലേക്കില്ലെന്നാണ് സൂചന. മലപ്പുറത്തുനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനി എംപി അബ്ദുസ്സമദ് സമദാനി എന്നിവരാണ് ലീ​ഗിന്റെ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അം​ഗങ്ങൾ.

വയനാട്, കോഴിക്കോട്, പാലക്കാട്, ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ പാർലമെന്റ് മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പ്രിയങ്കാ​ഗാന്ധി, എംകെ രാഘവൻ, വികെ ശ്രീരാമൻ, ബെന്നി ബെഹന്നാൻ, ഡീൻ കുര്യാക്കോസ്, കെ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരാണ് കോൺ​ഗ്രസിന്റെ കേരളത്തിൽ നിന്നുള്ള മറ്റു എംപിമാർ.

Related Posts