Homepage Featured News World

ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം; വിലക്ക് നീങ്ങുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം

ന്യൂഡൽഹി: ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിലക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്.

2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം 750 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളാണ് ഇതുവഴി ചൈനയ്ക്ക് നഷ്ടമായത്. ഇതനുസരിച്ച് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കണമെങ്കില്‍ പ്രത്യേക കമ്മിറ്റിയുടെ രജിസ്ട്രേഷനും രാഷ്ട്രീയ-സുരക്ഷാ അനുമതികളും നിര്‍ബന്ധമായിരുന്നു. ഇത് പ്രായോഗികമായി ചൈനീസ് കമ്പനികളെ ഇന്ത്യന്‍ വിപണിക്ക് പുറത്താക്കി.

അതേസമയം ചൈനീസ് കമ്പനികളെ മാറ്റിനിര്‍ത്തിയത് പല പ്രധാന സര്‍ക്കാര്‍ പദ്ധതികളെയും ദോഷകരമായി ബാധിച്ചുവെന്ന് വിവിധ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ നിര്‍മ്മാണ കരാറുകളില്‍ നിന്നും മുന്‍പ് ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ താപവൈദ്യുതി ഉത്പാദനം 307 ജിഗാവാട്ടായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ക്ക് ചൈനയെ ആശ്രയിക്കാത്തത് പദ്ധതികള്‍ വൈകാന്‍ കാരണമായി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും അമേരിക്ക-പാക്കിസ്ഥാന്‍ അടുപ്പവും ചൈനയുമായുള്ള വാണിജ്യ ബന്ധം പുതുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്.

Related Posts