കൊച്ചി: കേരളത്തിൽ 4 ലക്ഷത്തോളം പേർക്ക് പാർപ്പിടമൊരുക്കിയ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ അഭിനന്ദിച്ച് നീതി ആയോഗ്. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സംഘങ്ങളുടെ സഹകരണവും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
കേരളത്തിന് പുറമേ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചെലവുകുറച്ചുള്ള പ്രധാന പദ്ധതികളുടെ പട്ടികയിലാണ് ലൈഫ് മിഷനിലൂടെ കേരളവും ഇടം പിടിച്ചിരിക്കുന്നത്. വിവിധ ഘടകങ്ങലെ ഒരുമിച്ചുചേർത്തുള്ള സാമൂഹാധിഷ്ടിത മാതൃകയാണ് ലൈഫ് പദ്ധതിയെന്ന് നീതി ആയോഗ് നിരീക്ഷിച്ചു.
മുൻ പദ്ധതികളിൽ ആരംഭിച്ച് പണിപൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണം, സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് ഭവന നിർമ്മാണ ധനസഹായം, ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന് പൊതുവുടമസ്ഥതയിലുള്ള ഭവനസമുച്ചയ നിർമ്മാണം, വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണ സഹായം എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് LIFE മിഷൻ പദ്ധതി പ്രവർത്തിച്ചത്. ലൈഫ് മിഷൻ വഴി 400000 രൂപയാണ് ഭവനനിർമാണത്തിനു ധനസഹായമായി ഗുണഭോക്താക്കൾക്ക് നൽകുന്നത്.
ഭൂമി സ്വന്തമായി ഇല്ലാത്ത ഭവനരഹിതരായവർക്കും പുറമ്പോക്കിൽ വീടുള്ളവർക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചു നല്കി പുനഃരധിവസിപ്പിക്കുന്നതാണ് ലൈഫ്. ആകെയുള്ള ഭവനരഹിതരിൽ 10.4 ശതമാനത്തോളം പേർ ഭൂമിയുള്ല എന്നാൽ വീടില്ലാത്തവരോ നിലവിലുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിച്ചിട്ടും വീടുപണി പൂർത്തീരകരിക്കാൻ കഴിയാത്തവരോ ആണ്. ഇവരുടെ ഭവനനിര്‍മാണത്തിന് ആവശ്യമായ തുക പിഡബ്ല്യുഡി ഷെഡ്യൂള്‍ അടിസ്ഥാനപ്പെടുത്തിയാണ് സർക്കാർ ലഭ്യമാക്കുന്നത്.
















