Homepage Featured Kerala News

നേമത്ത് ചിത്രം തെളിഞ്ഞു, ശിവന്‍കുട്ടിയും രാജീവും ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ‘കണ്‍ഫ്യൂഷന്‍’

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും മുന്‍പേ മൂന്ന് മുന്നണികള്‍ക്കുമായി ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടുണ്ട്.

എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.ശിവന്‍കുട്ടി മത്സരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശിവന്‍കുട്ടി മാറിനിന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരത്തിനു സാധ്യതയുള്ളതിനാല്‍ നേമം വെച്ച് റിസ്‌ക്കെടുക്കാന്‍ ഇല്ലെന്നാണ് സിപിഎം തീരുമാനം.

ബിജെപിക്കായി മത്സരിക്കുക സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ്. മണ്ഡലത്തില്‍ സജീവമായ രാജീവ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിക്കു പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് നേമം.

കോണ്‍ഗ്രസില്‍ രണ്ട് പേരുകളാണ് നേമത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരനും മുന്‍ എംഎല്‍എയും ഇപ്പോള്‍ കൗണ്‍സിലറുമായ കെ.എസ്.ശബരിനാഥനും. ഇതില്‍ ശബരിനാഥനാണ് സാധ്യത കൂടുതല്‍. നേമത്ത് ബലിയാടാകാന്‍ ഇല്ലെന്ന് മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്. നേമത്ത് മത്സരിക്കാന്‍ ശബരിനാഥന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

2021 ല്‍ 3,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ശിവന്‍കുട്ടി നേമത്ത് ജയിച്ചത്. ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശക്തരായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ നേമത്ത് മറ്റത്തൂര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരും. അതിനാലാണ് ശബരിനാഥനെയോ മുരളീധരനെയോ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

Related Posts