ആലപ്പുഴ: ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. കുഞ്ഞിന്റെ അച്ഛനാണ് അഭിലാഷ്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. പാപ്പാൻ ജിതിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയ്ക്ക് മുമ്പിൽ വെച്ചായിരുന്നു ഈ സാഹസം. കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിലാണ് ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയ്ക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയത്.
സംഭവത്തിൽ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് പാപ്പാൻ ജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















