Homepage Featured Kerala News

ബം​ഗാളിൽ നാടകീയ രം​ഗങ്ങൾ; തൃണമൂൽ കോൺ​ഗ്രസ് ഐടി വിഭാ​ഗം നേതാവിന്റെ വീട്ടിൽ ഇഡി റെയിഡ്, നേരിട്ടെത്തി മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐടി മേധാവി പ്രദീക് ജയിനിന്റെ വീട്ടിലും ഓഫിസിലും ഇഡി റെയിഡ്. ഇഡി പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വീട്ടിൽ നേരിട്ടെത്തിയതോടെ ബം​ഗാളിൽ നാടകീയ രം​ഗങ്ങൾക്ക് തുടക്കമായി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നാണ് തൃണമൂൽ കോൺ​ഗ്രസിന്റെ ആരോപണം. സംഭവത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ വീണ്ടും രാഷ്ട്രീയ സാഹചര്യം മോശമായി.

രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്റെ തലവൻ കൂടിയാണ് തൃണമൂലിന്റെ ഐടി മേധാവിയായ പ്രദീക് ജയിൻ. ഇദ്ദേഹത്തിന്റെ സാൾട്ട് ലേക്കിലെ ഐ പാക് ഓഫീസിലും കൊൽക്കത്തയിലെ വീട്ടിലുമായിരുന്നു ഇഡി റെയിഡ് നടത്തിയത്. പാർട്ടിയുടെ ആഭ്യന്തര രേഖകളും സ്ഥാനാർത്ഥി പട്ടികയും പിടിച്ചെടുക്കാനാണ് ഇഡി നീക്കമെന്ന് ബം​ഗാൾ മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയത് എന്തിനെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി രേഖകൾ സംരക്ഷിക്കാൻ എത്തിയെന്നായിരുന്നു മമതയുടെ മറുപടി. സംഭവത്തിനിടെ കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും സ്ഥലത്തെത്തി.

2021 ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് റെയിഡെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇഡി നടപടിയുടെ യഥാർത്ഥ കാരണം വ്യക്തമല്ല. 2026 മെയ് മാസം തൃണമൂലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇഡി നടപടിയെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി മമതാ ബാനർജി മണ്ഡലം കേന്ദ്രീകരിച്ച് ജനസമ്പർക്ക പരിപാടിയുമായി സജീവമാണ്. അധികാരത്തിലേക്ക് തിരിച്ചെത്താനായി സിപിഎം പദയാത്രകളും മറ്റു പ്രചാരണ പരിപാടികളുമായും തെരഞ്ഞെടുപ്പ് രം​ഗത്തുണ്ട്. അതിനിടെയാണ് അഴിമതി ആരോപണത്തിലൂടെ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയും ബം​ഗാളിൽ നിലയുറപ്പിച്ചിരിക്കുന്നത്.

Related Posts