Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്. കേസ് വിചാരണ കോടതിയുടെ പരി​ഗണനയിലിരിക്കെ കേസിലെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ച സംഭവത്തിൽ സംശയ നിഴലിലാണ് വിധി പറഞ്ഞ ജഡ്ജിയെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. അതിനാൽ തന്നെ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ ഡിജി സംസ്ഥാനസർക്കാരിന് നിയമോപദേശം നൽകുന്നു. സ്പെഷ്യൽ പ്രൊസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തോടൊപ്പമുണ്ട്.

സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും അടുത്തയാഴ്ച മേൽക്കോടതിയിൽ അപ്പീൽ നൽകുക. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് തെളിഞ്ഞ അഭിഭാഷകരെ തുടരാൻ അനുവദിച്ചു, തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ് തുടങ്ങിയ ആരോപണങ്ങളാണ് ജഡ്ജിക്ക് എതിരെയുള്ളത്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറു പ്രതികൾക്ക് 20 വർഷം കഠിനതടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.

Related Posts