ഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സമ്മേളനത്തിന് ജനുവരി 28 ന് തുടക്കമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളന തീയതികൾക്ക് അംഗീകാരം നൽകി. സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് പാർലമെന്റിൽ സമർപ്പിക്കും. ഫെബ്രുവരി 1, ഞായറാഴ്ചയാകും ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
ഇന്ത്യയുടെ 88 -ാമത് കേന്ദ്ര ബജറ്റ് ആണ് നിർമല സീതാരാമൻ ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നത്. തുടർച്ചയായി 8 തവണ നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. നിർമലാ സീതാരാമന്റെ ഒൻപതാമത്തെ ബജറ്റാണ് ഇനി അവതരിപ്പിക്കുക. എന്നാൽ പത്ത് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച കേന്ദ്രമന്ത്രി. വിവിധ സർക്കാരുകൾക്ക് കീഴിലായി പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.
















