തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു.
മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ പ്രശാന്തുമായി ഓഫിസ് റൂമിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് റൂമിന്റെ വാടകയടക്കം കുറവാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും മേയർ വിവി രാജേഷും എംഎൽഎക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ഒരു എംഎൽഎ ഓഫിസിനും ഗവൺമെന്റ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതാണെങ്കിൽ വാടക നിശ്ചയിക്കാറില്ല എന്നാൽ താൻ ചെറുതെങ്കിലും വാടക നൽകുന്നുവെന്ന് പ്രശാന്ത് പ്രതികരിച്ചു.
ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോര്‍പ്പറേഷനുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് കെട്ടിടം എംഎൽഎക്ക് വാടകയ്ക്ക് നൽകിയത്. മാര്‍ച്ച് മാസം അവസാനം വരെ കരാറിന് കാലാവധിയുണ്ട്. പരിമിതമായ സൗകര്യങ്ങളുള്ളതായിരുന്നു ഓഫിസ്.
















