India Lead News News

ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും ഫ്ലാറ്റ് നൽകില്ല; നിരവധി പേർ പെരുവഴിയിലാകും

ബാം​ഗ്ലൂർ: യെലഹങ്കയിൽ കർണാടക സർക്കാർ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് നൽകില്ലെന്ന് റിപ്പോർട്ട്. 5 വർഷമായി പ്രദേശത്ത് താമസിക്കുന്നുവെന്ന രേഖകൾ ഉള്ളവർക്ക് സർക്കാർ ഫ്ലാറ്റ് നൽകും. എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ എത്രപേർക്ക് ഈ താമസരേഖയുണ്ട് എന്നതാണ് പ്രശ്നം. 5 വർഷമായി താമസിക്കുന്നുവെന്ന രേഖയില്ലാത്തവർ പെരുവഴിയിലാകും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ)യാണ് പൊലീസിന്റെ സഹായത്തോടെ പ്രധാനമായും ഫക്കീർ കോളനി, വസീം ലേഔട്ട് എന്നീ പ്രദേശങ്ങളിലുള്ള വീടുകൾ പൊളിച്ചുനീക്കിയത്.

കർണാടകയിലെ യെലഹങ്കയിൽ നിരവധിപ്പേരെ ബുൾഡോസർ ഉപയോ​ഗിച്ച് വീടുകൾ തകർത്ത് ഒഴിപ്പിച്ചത് വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നം നവമാധ്യമ പോസ്റ്റിലൂടെ അറിയിച്ചതോടെയാണ് വിഷയം രാജ്യത്ത് ചർച്ചയായത്. ആദ്യ ഘട്ടത്തിൽ കേരള മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞ കർണാടക ​ഗവൺമെന്റ് പിന്നീട് ഫ്ലാറ്റുകൾ നൽകാമെന്ന് സമ്മതിച്ച് രം​ഗത്ത് വരികയായിരുന്നു.

യെലഹങ്കയിൽ ഇതുവരെ 260 പേരാണ് ഫ്ലാറ്റിന് അപേക്ഷ നൽകിയിട്ടുള്ളത്. ഫ്ലാറ്റുകൾ നൽകാനായി ഇവരുടെ ആധാർ, വോട്ടർ ഐഡി, വൈദ്യുതി കണക്ഷൻ രേഖകൾ എന്നിവ പരിശോധിക്കും. എന്നാൽ കർണാടക സർക്കാ‍ർ പറയുന്നത് 167 ഫ്ലാറ്റുകൾ മാത്രമാണ് തകർത്തത് എന്നാണ്. ഡിസംബറിലാണ് കർണാടക സംസ്ഥാനത്തെ യെലഹങ്കയ്ക്ക് സമീപമുള്ള കൊഗിലു ഗ്രാമത്തിലെ 350 ലധികം വീടുകൾ സർക്കാർ പൊളിച്ചത്. ഫക്കീർ കോളനിയിലും വസീം ലേഔട്ടിലുമുള്ള വീടുകളാണ് പ്രധാനമായും പൊളിച്ചുനീക്കിയത്.

Related Posts