Homepage Featured Kerala News

പുനർജ്ജനി പദ്ധതിയുടെ പേരിൽ കിട്ടിയത് ഒന്നേകാൽ കോടിയിലേറെ രൂപ; പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് ധാരണാപത്രമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പുനർജ്ജനി പദ്ധതിയുടെ പേരിൽ യുകെയിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ പിരിച്ചതായി റിപ്പോർട്ട്. എന്നാൽ പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് യാതൊരുവിധ ധാരണാപത്രവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. പുനർജ്ജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മണപ്പാട്ട് ഫൗണ്ടേഷനുമായി സഹകരിച്ചിരുന്നു.

ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ യുകെയിലേക്ക് പോവുകയും തിരികെ വരികയും ചെയ്തിരുന്നു. മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് സംഘടിപ്പിച്ചുനൽകിയത്. ടിക്കറ്റിന്റെ ടാക്സ് അടച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണ്. യുകെയിലെത്തിയ വിഡി സതീശൻ പുനർജ്ജനിക്കായി പണം ആവശ്യപ്പെടുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

പ്രളയബാധിതർക്ക് വീടുനിർമിക്കാനായി തുടങ്ങിയ പുനർജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും 27/11/2018 മുതൽ 8/3/2022 വരെ ആ അക്കൗണ്ടിലൂടെ പണം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തു. ‘പുനർജ്ജനി’ സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തൽ. യുകെയിലെ മലയാളികളിൽ നിന്നും മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് (MIAT) ആണ് പണം പിരിച്ചത്. ആ പണം നാട്ടിലേക്കയച്ചത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലൂടെയായിരുന്നു.

അതേസമയം പുനർജനി വിവാദത്തിൽ ഒന്നും ഒളിക്കാനില്ലെന്ന് മണപ്പാട് ഫൗണ്ടേഷൻ സിഇഒ അമീർ അഹമ്മദ് പറഞ്ഞു. മണപ്പാട് സിഇഒ അമീർ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണമെന്നും സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്നുമാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. വിദേശത്ത് നിന്ന് അനധികൃതമായി പണം പിരിച്ച കേസായതിനാൾ എഫ്സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ട്.

Related Posts