തൃശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. നൂർജഹാൻ നവാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോൺഗ്രസിന്റെ സ്ഥാനാർഥിയായി ജയിച്ചാണ് നൂർജഹാൻ നവാസ് പഞ്ചായത്ത് അംഗമായത്. തുടർന്നാണ് ബിജെപി പിന്തുണയിൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്.
ജനവിധി അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നൂർജഹാൻ നവാസ് രാജിക്ക് തയ്യാറായിരിക്കുന്നത്. അതേസമയം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് പദവിയിൽ തുടരും. കോൺഗ്രസ് വിമത സ്ഥാനാർഥിയായി വിജയിച്ചാണ് ടെസി ജോസ് പഞ്ചായത്ത് അംഗമായത്. അതിനാൽ തന്നെ കോൺഗ്രസ് നിർദേശമനുസരിച്ച് രാജി വെയ്ക്കില്ലെന്ന് ടെസി അറിയിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് പേരാണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. രണ്ട് പേര്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിക്കുകയും ചെയ്തു. ഇടത് മുന്നണിക്ക് പത്ത് സീറ്റാണ് പഞ്ചായത്തില്‍ ലഭിച്ചത്. ബിജെപി നാല് സീറ്റും ലഭിച്ചു. തുടർന്ന് കോൺഗ്രസ് വിമതയായ ടെസി ജോസിനെ പ്രസിഡന്റായും കോൺഗ്രസുകാരിയായ നൂർജഹാൻ നവാസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കുകയായിരുന്നു. ബിജെപി അംഗങ്ങൾ ഇവരെ പിന്തുണച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയായിരുന്നു പഞ്ചായത്തിൽ അരങ്ങേറിയത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ കോൺഗ്രസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ട് കോൺഗ്രസിന് മറിച്ചതിൽ ബിജെപിക്കും പ്രവർത്തകരുടെ വിമർശനമുണ്ടായി.
















