മാൻഹാട്ടൻ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം അത്തരം ഒരു കുറ്റവും താൻ കുറ്റം ചെയ്തില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു.
മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണ് കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് 63കാരനായ നിക്കോളാസ് മഡൂറോ കോടതിയെ അറിയിച്ചു. മാർച്ച് 17ന് മാത്രമാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക. അതുവരെ ഇരുവരും തടവിൽ തുടരും.
മഡൂറോയെ പിന്തുണയ്ക്കുമെന്ന് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസ് വ്യക്തമാക്കിയിട്ടുണ്ട്. നിക്കോളാസ് മഡൂറോ പ്രസിഡന്റ് ആയിരുന്നപ്പോൾ വൈസ് പ്രസിഡന്റ് ആയിരുന്നു ഡെൽസി റോഡ്രിഗസ്. എന്നാൽ അമേരിക്കയ്ക്കെതിരെ എന്തു ചെയ്യുമെന്ന കാര്യത്തിൽ ഡെൽസിക്കും വ്യക്തതയില്ല.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതി മഡൂറോയുടെ വിചാരണ ആരംഭിച്ചത്. തടവുകാരുടെ വേഷത്തിലാണ് വെനസ്വേലയുടെ പ്രസിഡന്റ് മഡൂറോയെ കോടതിയിലെത്തിച്ചത്. സ്പാനിഷ് ഭാഷയിൽ മഡൂറോ കോടതിയിൽ സംസാരിച്ചു.
















