നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ബിജെപി ആവിഷ്കരിച്ച ‘മിഷൻ 2026’ നേരിട്ട് നിയന്ത്രിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 11-ന് കേരളത്തിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും എ ക്ലാസ് മണ്ഡലങ്ങളിലെ വിജയസാധ്യതയും മുൻനിർത്തി ‘ഓപ്പറേഷൻ തലസ്ഥാനം’ എന്ന പേരിൽ ബിജെപി പുതിയ പോരാട്ടത്തിന് തുടക്കമിടുകയാണ്.
തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ, ബിജെപി കോർ കമ്മിറ്റിയുടെയും ആർ.എസ്.എസ് നേതൃത്വത്തിന്റെയും അടിയന്തര യോഗങ്ങൾ വിളിച്ചുചേർക്കും. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് ‘ജയസാധ്യത’ മാത്രം മാനദണ്ഡമാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്ന കർശന നിർദ്ദേശമാണ് ഷാ നൽകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ലക്ഷ്യമിടുന്ന 25 ശതമാനം വോട്ട് വിഹിതം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള തന്ത്രങ്ങൾ അമിത് ഷാ ആവിഷ്കരിക്കും.
പാലക്കാട് മത്സരിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തോട് വിയോജിച്ച്, തനിക്ക് വിജയസാധ്യത കൂടുതലുള്ള വട്ടിയൂർക്കാവിനായി കെ. സുരേന്ദ്രൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നു. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ താൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന നിലപാടിലാണ് സുരേന്ദ്രനെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൗൺസിലർ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്ന ആർ. ശ്രീലേഖയുടെ പിന്മാറ്റം സുരേന്ദ്രന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്.
ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള തിരുവനന്തപുരത്തെ നേമം,കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ദേശീയ-സംസ്ഥാന മുഖങ്ങളെ തന്നെ അണിനിരത്താനാണ് പാർട്ടി തീരുമാനം:
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്റെ സ്ഥാനാർത്ഥിത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് വീണ്ടും അങ്കത്തിനിറങ്ങാനാണ് സാധ്യത. വട്ടിയൂർക്കാവിൽ കെ സുരേന്ദ്രൻ സീറ്റുറപ്പിച്ചാൽ തലസ്ഥാനത്തെ മൂന്ന് പ്രമുഖ മണ്ഡലങ്ങളും ബിജെപിയുടെ ഏറ്റവും ശക്തരായ നേതാക്കളുടെ കീഴിലാകും.
പാലക്കാട്, തൃശൂർ ജില്ലകളിലെ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പ്രാഥമിക പട്ടികയും അമിത് ഷാ വിലയിരുത്തും. പാലക്കാട്ട് സുരേന്ദ്രൻ എത്തിയില്ലെങ്കിൽ പകരം വരാവുന്ന കരുത്തരായ സ്ഥാനാർത്ഥികളെക്കുറിച്ച് പാലക്കാട് സോണൽ കമ്മിറ്റിയുമായി അദ്ദേഹം ചർച്ച നടത്തും.
തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ഈ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന സന്ദർശനത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.
















