അരൂർ: റേഷൻ അരിയിൽ പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തി. അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിലാണ് പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തിയത് . മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ കണ്ടെത്തിയത്.
എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ എത്തിയവർ പ്രതിഷേധത്തോടെയാണ് മടങ്ങിയത്. പുഴുവിനെ കണ്ടതോടെ അരി വാങ്ങാൻ എത്തിയവർ റേഷൻ കടകളിൽ നിന്നും അരി വാങ്ങാതെ മടങ്ങി. മുഴുവനായും കട്ടപിടിച്ച അവസ്ഥയിലായിരുന്നു മിക്ക ചാക്കുകളും. ഈ അരിയിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്. ഡിസംബർ അവസാന ആഴ്ചയാണ് തുറവൂരിലും എഴുപുന്നയിലുമുള്ള ഗോഡൗണുകളിൽ നിന്ന് മാലിന്യം നിറഞ്ഞ അരി എത്തിച്ചത്.
















