പാലക്കാട് സിപിഐയെ പരിഹസിച്ച് സിപിഎം നേതാവ്; ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ
പാലക്കാട്: ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ദീർഘകാലമായി സിപിഎം – സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയകുമാർ.
കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ.
തോറ്റാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാർ ചോദിച്ചു.
















