Kerala Lead News News

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനം പരി​ഗണിച്ചത്. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം.

കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്തിരുന്നു. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. ദേവസ്വം ബോർഡ് അംഗമായ എൻ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും ഇന്ന് അന്വേഷണസംഘം കോടതിക്ക് കൈമാറും.

Related Posts