Homepage Featured Kerala News

ഹാസ്യസാമ്രാട്ട് 75 ന്റെ നിറവില്‍; മലയാളികളുടെ ഹൃദയം തകര്‍ത്ത മാര്‍ച്ച് 10 ല്‍ സംഭവിച്ചത്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ജഗതി സിനിമ രംഗത്തില്ല. 2012 മാര്‍ച്ച് 10 നു നടന്ന ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല.

വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍. ഇതിനിടെ മമ്മൂട്ടി ചിത്രം സിബിഐ 5 : ദി ബ്രെയിനില്‍ ജഗതി മുഖംകാണിച്ചിരുന്നു. ജഗതിക്ക് അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് മലയാളികള്‍ അറിയുന്നത് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറിലൂടെയാണ്. ഉണ്ണികൃഷ്ണന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആ വഴി വന്നതാണ് ജഗതിയുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായത്.

വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു ഗര്‍ഭിണിയെ അടിയന്തരമായി കോഴിക്കോട് മീംസിലേക്ക് എത്തിക്കുന്ന തിരക്കിലായിരുന്നു ഉണ്ണികൃഷ്ണന്‍. രണ്ട് നഴ്‌സുമാരും ഉണ്ണികൃഷ്ണന്റെ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതിയെ മീംസില്‍ എത്തിച്ച ശേഷം ഉണ്ണികൃഷ്ണന്‍ തിരിച്ചുവരുന്ന വഴിയിലാണ് റോഡില്‍ അപകടം സംഭവിച്ച് ഗുരുതര പരുക്കുകളോടെ ഒരാള്‍ കിടക്കുന്നത് കാണുന്നത്.

മീംസില്‍ നിന്ന് വരുന്ന വഴി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കഴിഞ്ഞപ്പോഴാണ് ഒരു ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ‘ഡിവൈഡറില്‍ തട്ടി ഒരു ഇന്നോവ കാര്‍ റോഡിന്റെ മധ്യത്തിലായി കിടക്കുകയായിരുന്നു. വണ്ടിയുടെ ഹെഡ് ലൈറ്റ് മുഖത്തേക്ക് അടിക്കുന്ന തരത്തിലായിരുന്നു. വേഗം അവിടെ ഇറങ്ങി. വാഹനത്തിന്റെ അടുത്തേക്ക് പോയി. ഡ്രൈവര്‍ സീറ്റിന്റെ അടുത്തുള്ള ഗ്ലാസ് ചെറുതായി താഴ്ത്തിയ നിലയിലാണ്. അതിനുള്ളിലൂടെ ഒരാള്‍ കൈ വീശുന്നുണ്ട്. രക്ഷിക്കണമെന്ന് ആംഗ്യം കാണിക്കുന്ന കൈപത്തി മാത്രമാണ് കണ്ടത്. വണ്ടിയുടെ ഡ്രൈവര്‍ ആയിരുന്നു അത്. വണ്ടിയിലെ മറ്റൊരു യാത്രക്കാരനും മുന്‍പിലെ സീറ്റില്‍ തന്നെയായിരുന്നു. അയാള്‍ക്ക് നന്നായി പരുക്ക് പറ്റിയിട്ടുണ്ട്. വണ്ടി തിരിച്ച് സ്ട്രക്ചര്‍ എടുത്ത് അപകടം പറ്റിയ ആളെ അതിലേക്ക് കയറ്റി. സ്ട്രക്ചറില്‍ കിടത്തുന്ന സമയത്ത് അയാള്‍ പിടയ്ക്കുന്നുണ്ടായിരുന്നു. എന്നെ വിട്, കൊല്ലാന്‍ കൊണ്ടുപോകുകയാണോ എന്നൊക്കെ അയാള്‍ ഓര്‍മയില്ലാതെ പറയുന്നുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അത് സിനിമാ നടന്‍ ജഗതിയാണെന്ന് ഞാന്‍ അറിയുന്നത്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Related Posts