തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026 എന്ന് പേരിട്ടിരിക്കുന്ന കോൺഗ്രസ് ക്യാമ്പ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
ലക്ഷ്യ 2026 ൽ തെരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില അനുസരിച്ച് 80-ലധികം നിയമസഭാ സീറ്റുകളിൽ യുഡിഎഫിന് നിലവിൽ മേൽക്കൈ ഉണ്ട്. എന്നാൽ സംസ്ഥാനത്തെ നിയമസഭാംഗത്വം രാജി വെച്ച് ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കൾ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. അത് കോൺഗ്രസിന്റെ വിജയത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. മുൻകൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗത്തിറക്കുകയെന്ന ലക്ഷ്യമാണ് ഇത്തവണ കോൺഗ്രസിനുള്ളത്.
















