ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്. ഇതോടെ വെനസ്വേലയിൽ സാമ്രാജ്യത്വ കോളനിവൽക്കരണമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന കാര്യം വ്യക്തമായി.
മഡൂറോയെ യുഎസ് ഭരണകൂടം ബന്ദിയാക്കിയ സാഹചര്യത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അധികാരം ഏറ്റെടുത്തേക്കും. അതേസമയം
വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയെ കൈവിലങ്ങുവെച്ച് സൈനികർ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈനികരോടും ഉദ്യോഗസ്ഥരോടും മഡൂറോ പുതുവത്സരാശംസകൾ നേരുന്നത് ഈ വീഡിയോയിൽ കാണാം. മഡൂറോയുടെ ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്ന് ട്രംപ് പറയുന്നു. സിലിയ ഫ്ലോറസിനേയും കഴിഞ്ഞ ദിവസം യുഎസ് സൈന്യം ബന്ദിയാക്കിയിരുന്നു.
















