Homepage Featured India News

TAPS പ്രഖ്യാപിച്ച് തമിഴ്നാട്; കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിൽ മാറ്റം, ജീവനക്കാർക്ക് ആശ്വാസം

ചെന്നൈ: തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം(TAPS) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. പദ്ധതി പ്രകാരം തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകും. ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ (ഓൾഡ് പെൻഷൻ സ്കീം) പ്രയോജനം നൽകുന്നതാണ് ടിഎപിഎസ്. ഇതോടെ 2003 മുതൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിനെതിരെ സർക്കാർ ജീവനക്കാരുടെ സംഘടനകൾ ദീർഘകാലമായി നടത്തിവന്ന സമരവും അവസാനിച്ചു.

അതേസമയം ടിഎപിഎസിലേക്ക് ജീവനക്കാർ അവരുടെ ശമ്പളത്തിന്റെ 10 ശതമാനം വിഹിതമായി നൽകണം. സർക്കാരിന് പെൻഷൻ നൽകാനായി ചെലവാകുന്ന തുകയിലേക്ക് ഈ തുക കൂടി ചേർക്കപ്പെടും. സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് സർവീസിനൊത്ത തുക(പരമാവധി 25 ലക്ഷം രൂപ) ഗ്രാറ്റ്വിറ്റിയായി ലഭിക്കും. വർഷത്തിൽ രണ്ടുതവണ ഡിഎ വർധന ലഭിക്കും. പെൻഷൻകാർ മരിച്ചാൽ അനന്തരാവകാശിക്ക് പെൻഷൻതുകയുടെ 60 ശതമാനം കുടുംബപെൻഷനായും ലഭിക്കാൻ ടിഎപിഎസിൽ വ്യവസ്ഥയുണ്ട്. പെൻഷൻ പ്രായത്തിന് മുമ്പ് വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും.

തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറി ഗഗൻദീപ് സിങ് ബേദിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പരിഷ്കരണം. പദ്ധതിക്കായി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ​ഗവൺമെന്റിന് 11,000 കോടി അധിക ചെലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts