തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ നടപടിയുമായി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച ആദ്യ വിവരം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ പുറത്തുവിട്ടു. ദീർഘദൂര യാത്രക്കാർക്ക് പദ്ധതി ഗുണകരമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ വിനോദ യാത്രകൾ ചെയ്യുന്നവർക്കും ഇത് ഏറെ സഹായകമാകും.
കെഎസ്ആർടിസിയുടെ മുദ്രയുള്ള കുപ്പിയിലാകും കുടിവെള്ളം ലഭ്യമാക്കുക എന്നാണ് സൂചന. മാർക്കറ്റിൽ 18-20 രൂപയ്ക്കാണ് കുപ്പിവെള്ളം ലഭിക്കുന്നത്. ഇതിൽ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം കെഎസ്ആർടിസിയിൽ ലഭ്യമായേക്കും. ഒരു കുപ്പിവെള്ളം യാത്രക്കാരന് വിൽക്കുമ്പോൾ കണ്ടക്ടർക്ക് 2 രൂപയും ഡ്രൈവർക്ക് 1 രൂപയും ലഭിക്കുകയും ചെയ്യും. ഓൺലൈനായി ഓർഡർ ചെയ്താൽ സ്വകാര്യ കമ്പനികൾ വഴി ബസിൽ ഭക്ഷണം ലഭ്യമാക്കാനും സംവിധാനമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ കെഎസ്ആർടിസി ഡിപ്പോയിൽ ശേഖരിക്കാനും പദ്ധതി ഒരുങ്ങുന്നുണ്ട്.
















