തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം. ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾ രണ്ടാം പ്രതി ആയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫ്.
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുലിൻ്റ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയതാണെന്നും ഈ സാഹചര്യത്തിൽ ജോബിക്കും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഗുളികയെ കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും നിരപരാധിയാണെന്നും പ്രതിഭാഗം വാദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച്, നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിൽ എംഎൽഎയും മുൻ കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ ആണ് ഒന്നാം പ്രതി.
അതേസമയം രാഹുൽ തന്റെ കുടുംബം തകർത്തെന്ന് ആരോപിച്ച് പരാതിക്കാരിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക് മുറുകുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
















