തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയും മുൻമന്ത്രിയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ പിന്നിട്ട ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന കെഎസ് ജോസുമായിരുന്നു പ്രതികള്‍. ജെഎസ് ജോസാണ് ഒന്നാം പ്രതി.
1990 ഏപ്രില്‍ 4 നാണ് ഹാഷിഷ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഓസ്ട്രേലിയൻ സ്വദേശി സാൽവദോർ സാർലി എന്നയാൾ തിരുവനന്തപുരത്ത് പിടിയിലായത്. 61 ഗ്രാം ഹാഷിഷ് ഓയിൽ കടത്തിയെന്നായിരുന്നു കേസ്. കേസിൽ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇയാൾക്ക് പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സെലിൻ വിൽഫ്രണ്ടിന്റെ ജൂനിയര്‍ ആയിരുന്നു ആന്റണി രാജു. 1994 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി അപ്പീലില്‍ ഓസ്ട്രേലിയൻ സ്വദേശിയെ വെറുതേ വിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന സൂചനയോടെ ഹൈക്കോടതിയിൽ വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ 1994ൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.
കോടതിയിലെ ക്ലര്‍ക്ക് കെഎസ് ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്ന്
കൃത്രിമം നടത്തി പ്രതിയെ രക്ഷിച്ചെന്നായിരുന്നു കേസ്.
സാൽവദോർ സാർലി ജയിലിലായി 4 മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരുള്ള ബന്ധു കോടതിയിലെത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ കൈമാറണം എന്ന് ഹര്‍ജി നല്കി. പോളും ആന്റണി രാജുവും സ്വകാര്യവസ്തുക്കള്‍ക്കൊപ്പം തൊണ്ടി മുതലായ അടിവസ്ത്രം കൂടി ഒപ്പിട്ട് വാങ്ങി
പിന്നീട് വിചാരണക്ക് തൊട്ടുമുമ്പാണ് ഇത് കോടതിയില്‍ തിരികെ നല്‍കുന്നത്.
ഇക്കാലയളവിനിടെ അടിവസ്ത്രം മുറിച്ച് ചെറുതാക്കി വീണ്ടും തുന്നി. അടിവസ്ത്രം വെട്ടിച്ചെറുതാക്കിയതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
2005 ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടി പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2006ല്‍ ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്കി.2014 ല്‍ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലെക്ക് കേസ് മാറ്റി.
കേസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആന്റണി രാജു ഹര്‍ജി നല്കി. എന്നാൽ കേസില്‍ വിചാരണ നടക്കട്ടെയെന്ന് സുപ്രീംകോടതി പറഞ്ഞതോടെയാണ് കേസിൽ വിചാരണ തുടർന്നത്. കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്.
















