തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശ്രീ നാരായണ ധർമത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വിഎസ് സനോജും പറഞ്ഞു. മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താനുള്ള വർഗീയ ശക്തികളുടെ ശ്രമത്തിനെതിരായ ആശയ സമരമാണ് കാലത്തിന്റെ ആവശ്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. അഭിപ്രായ ഭിന്നതകൾക്കുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് ഡിവൈഎഫ്ഐ അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ വെള്ളാപ്പള്ളി നടേശൻ തീവ്രവാദിയെന്ന് ആക്ഷേപിച്ചിരുന്നു. എസ്എൻഡിപിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലപ്പുറത്ത് അനുവദിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോൾ കഴിഞ്ഞ ഒമ്പതര വർഷമായി എൽഡിഎഫ് അല്ലേ ഭരിക്കുന്നതെന്ന് റഹീസ് റഷീദ് ചോദിച്ചിരുന്നു. ഇതായിരുന്നു വെള്ളാപ്പള്ളി റഹീസ് റഷീദിനെതിരെ തിരിയാൻ കാരണം.
മത-ജാതി ഭിന്നതകൾ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാർ – ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്. അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. ഏത് തരം വർഗ്ഗീയ രാഷ്ട്രീയത്തെയും തുറന്ന് എതിർക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകൾക്കും അഭിപ്രായ ഭിന്നതകൾക്കുമുള്ള മറുപടി വർഗ്ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശൻ ഇത്തരം പ്രസ്ഥാവനകൾ തിരുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
















