ഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. ഡിസംബർ 18 ന് ജസ്‌റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തുടർന്ന് കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് ജസ്റ്റിസ് സൗമൻ സെന്നിനെ ജനുവരി 9 ന് പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കുക.
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്‌റ്റിസ് നിതിൻ ജാംദാർ ജനുവരി ഒമ്പതിന് വിരമിക്കും. കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ചത്. 2011 ഏപ്രിൽ 13 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. 2025 ഓഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്‌റ്റിസ് ആയി നിയമിക്കപ്പെട്ടത്. 2027 ജൂലൈ 27 വരെയാണ് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ് സൗമൻ സെന്നിന് കാലാവധിയുണ്ടാകുക.
















