തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇത് സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തത് കൊണ്ടാണെന്ന ജാഫറിന്റെ ശബ്ദരേഖ പിന്നീട് പുറത്തുവന്നതോടെ വിഷയം വിവാദമായി. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
‘ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അയാറാം ഗയാ റാം നിലപാട് പ്രോത്സാഹിപ്പിക്കില്ല. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വിഷയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ പാർട്ടി പരിശോധിക്കും. കുതിരക്കച്ചവടത്തിനില്ല’ -എംവി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിനും എൽഡിഎഫിനും 7 അംഗങ്ങൾ വീതമായിരുന്നു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. യുഡിഎഫ് അംഗമായിരുന്ന ലീഗ് സ്വതന്ത്രൻ ജാഫർ കൂറുമാറി വോട്ടുചെയ്തതോടെ വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫിന് ലഭിച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടു നിന്നതോടെ അതും എൽഡിഎഫിന് കിട്ടി. പിന്നീട് ശബ്ദരേഖ പുറത്തുവന്ന് കോഴ ആരോപണം ഉയർന്നതോടെ ഇ.യു ജാഫർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പദവി രാജിവെക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലൻസ്. അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്.
















