Homepage Featured India News

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും; 167 തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ

ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ തടവുകാരുടെ ആദ്യ പട്ടിക കൈമാറ്റം ജനുവരി ഒന്നിന് നടന്നു. 2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എ​ഗ്രിമെന്റ് പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആണവനിലയങ്ങളെ സംബന്ധിച്ച പട്ടിക കൈമാറ്റവും 2026 ജനുവരി ഒന്നിന് നടന്നു. ആണവകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനാണ് ഈ പട്ടിക കൈമാറുന്നത്.

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ആണവനിലയങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനായി 1988 ഡിസംബർ 31 നായിരുന്നു കരാറായത്. 1991 ജനുവരി 27 ന് ഇത് പ്രാബല്യത്തിൽ വന്നു. ഈ കരാർ പ്രകാരം ആണവനിലയങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ ഹൈ കമ്മീഷണർക്ക് കൈമാറിയതായി പാക്കിസ്ഥാന്റെ ഫോറിൻ ഓഫിസ് സ്പോക്സ്മാൻ താഹിർ ആർ ആൻഡ്രാബി പറഞ്ഞു.

ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 പാക്കിസ്ഥാനി തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരായ 199 മത്സ്യത്തൊഴിലാളികളുടെയും 58 മറ്റ് തടവുകാരുടെയും വിവരങ്ങൾ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്. വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം തടവുകാരുടെ പട്ടിക കൈമാറുന്നത്. ജൂലായ്, ജനുവരി മാസങ്ങളിലായാണ് സാധാരണയായി പട്ടിക കൈമാറുന്നത്. തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കരാറിന്‍റെ (2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എ​ഗ്രിമെന്റ്) അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തിൽ തടവുകാരുടെ പട്ടിക കൈമാറുന്നത്. ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇരുരാജ്യങ്ങളിലുമുള്ള കസ്റ്റഡിയിലുള്ളവരുടെ പട്ടിക കൈമാറിയത്. പട്ടികയ്ക്ക് പുറമേ പാക്കിസ്ഥാനിൽ ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. കൂടാതെ, പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള 35 പേര്‍ക്ക് ഇതുവരെ കോണ്‍സുലേറ്റിന്‍റെ സഹായങ്ങൾ ഒന്നും നൽകാൻ പാക്കിസ്ഥാൻ അനുവദിച്ചിട്ടില്ല. ഇവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു.

Related Posts