ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ശബരിമലയിൽ ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ശബരിമലയിൽ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും എക്സൈസ് വകുപ്പ് നടത്തി. പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഡിസംബർ 31 വരെ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. മറ്റ് വകുപ്പുകളുമായി ചേർന്ന് 19 സംയുക്ത പരിശോധനകളും എക്സൈസ് വകുപ്പ് നടത്തിയിട്ടുണ്ട്. അനധികൃത പുകയില ഉപയോഗവും വില്പനയുമായി ബന്ധപെട്ട് 895 കേസുകൾ രജിസ്റ്റർ ചെയ്തു. 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. വിവിധ കേസുകളിൽ നിന്നായി 1,79,000 രൂപ പിഴ ഈടാക്കി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് പമ്പ എക്‌സൈസ് സിഐ ശ്യാം കുമാർ അറിയിച്ചു.
















