Homepage Featured Kerala News

ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി; സിപിഐക്കെതിരെയുള്ള വെള്ളാപ്പള്ളിയുടെ പരാമർശങ്ങളും തള്ളി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്ന് മുഖ്യമന്ത്രി ചോദിച്ചു. തനിക്കും ബിനോയ് വിശ്വത്തിനും വ്യത്യസ്ഥ നിലപാടുണ്ടാകാമെന്ന് പിണറായി വിജയൻ പറയുന്നു. ‘ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്‍റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്‍റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എന്‍റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല’ – മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സിപിഐക്കെതിരായ വെള്ളാപ്പള്ളിയുടെ ‘ചതിയൻ ചന്തു’ എന്ന പരാമർശവും പിണാറായി വിജയൻ തള്ളിക്കളഞ്ഞു. എൽഡിഎഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണ് സിപിഐ. സിപിഎമ്മിന് സിപിഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സിപിഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Related Posts