കോട്ടയം: ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായരുടെ വിശദീകരണം.
ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. അയ്യപ്പ സംഗമത്തിൽ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചു, എന്നും സുകുമാരൻ നായർ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് ഏത് നിലപാടും സ്വീകരിക്കാമെന്നും ജനറൽ സെക്രട്ടറി പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു. സ്വർണ കവർച്ച കേസിൽ രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്. ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാട് മാറ്റം സമുദായത്തിന് ഉള്ളിൽ തന്നെ സുകുമാരൻ നായർക്കെതിരെ വിമർശനം ഉയരാൻ കാരണമായിരുന്നു.
















