Homepage Featured India News

പുതുവർഷത്തിൽ ഇരുട്ടടി; എൽപിജി വിലയിൽ വർധന; ഒറ്റയടിയ്ക്കു കൂട്ടിയത് 111 രൂപ

ന്യൂഡൽഹി: പുതുവർഷം പിറന്നപ്പോൾ ജനങ്ങൾക്ക് തിരിച്ചടിയായി എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഡൽഹി , മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ജനുവരി 1 മുതൽ വില വർധന രാജ്യം മുഴുവൻ ബാധകമാണ്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.

ഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി.

Related Posts