തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്ത് തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്.
പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. 5 ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. പിന്നീടത് രണ്ടര ലക്ഷമായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വീഡിയോയിൽ
വിനോദ് പറയുന്നുണ്ട്.
ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിച്ചത്. പണം കൈമാറുന്നതിനിടയിൽ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പ്രതിയെ പിടികൂടുകയും ചെയ്തു. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.
















