കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി ഒരുമാസം നീണ്ടുനിൽക്കുന്ന പുണ്യകാലമാണ്. പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനം, ഒരുമിച്ചുള്ള നോമ്പുതുറകൾ, ഇഫ്താര്‍ വിരുന്നുകള്‍, ദാന ധർമങ്ങൾ എന്നിവ ഈ പുണ്യ മാസത്തിൽ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നലെ രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാഗമായി മസ്ജിദുകളിൽ പ്രത്യേക നമസ്കാരങ്ങൾ ആരംഭിച്ചു.
വിശപ്പിന്റെയും ത്യാഗത്തിന്റെയും വിലയറിയാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സന്ദേശം സ്വീകരിക്കാനും വിശ്വാസികളെ സഹായിക്കുന്നതാണ് റമദാൻ കാലം. ആദ്ധ്യാത്മിക വെളിച്ചം പകർന്ന് ജീവിതത്തിന് പുതിയ താളം നൽകുന്നതാണ് പുണ്യമാസമെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിയുന്നതിനൊപ്പം വിശ്വാസികൾക്ക് ക്ഷമ, സഹനം, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാനും റമദാൻ വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുന്നു.
















