കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി. സിപിഐ(എം )നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയുമാണ് പികെ ശശി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് പികെ ശശിയുടെ വിശദീകരണം. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹം കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെയ്ക്കുന്നത്.
പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പികെ ശശിയെ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. നേരത്തേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റംഗമായും ശശി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായി ശശി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിലും പികെ ശശി പങ്കെടുത്തിരുന്നില്ല.
മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനുവേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതിയിലാണ് പികെ ശശിയെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളിൽ നിന്ന് 5.49 കോടി രൂപ ഓഹരിയായി സമാഹരിച്ചിരുന്നു. നേതൃത്വം അറിയാതെയായിരുന്നു ധനസമാഹരണമെന്നാണ് പാർട്ടി പറയുന്നത്. സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടും പികെ ശശിക്കെതിരായിരുന്നു. തുടർന്നാണ് പികെ ശശിയെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയത്.
















