Homepage Featured Kerala News

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി കേരള സ്റ്റോറിയുടെ രണ്ടാം ഭാ​ഗം; കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് അണിയറക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി 2023 മെയ് 5-ന് പുറത്തിറങ്ങിയ ദി കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നു. ആദ്യ സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ് രണ്ടാമത്തെ ചിത്രവും പുറത്തിറക്കുന്നത്. മതപരിവർത്തനം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെയും പ്രമേയം എന്ന് വ്യക്തമാക്കുന്ന ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ യഥാർഥ കേരള സ്റ്റോറി വിളിച്ചുപറഞ്ഞുകൊണ്ടാണ് കേരളം തള്ളിക്കളഞ്ഞതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയായ കേരളസ്റ്റോറി എന്ന ചിത്രത്തെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ സംഘപരിവാർ സംഘടനകൾ അവർ ശത്രുതയോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

‘ബീഫ്’ എന്ന് പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച സംഭവം മുഖ്യമന്ത്രി ഓർമിപ്പിച്ചു. അങ്ങനെയുള്ളിടത്ത് ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ നിർമിച്ച ചിത്രത്തിന് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു. വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്. മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ കേരളം ശക്തമായി ഉയർത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നുണകൾക്കെതിരെ ജയിക്കാൻ നാം ഒരുമിച്ച് നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts